ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രഖ്യാപനം അന്തിമ ഘട്ടത്തിലേയ്ക്ക് അടുക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും തീരുവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും ട്രംപ് വ്യക്തമാക്കി. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇന്ത്യയുമായി വലിയ കരാറിലേയ്ക്ക് അമെരിക്ക എത്തുകയാണെന്നും വിപണി തുറക്കാന്‍ അവര്‍ തയാറാകുന്നതായും ട്രംപ് പ്രതികരിച്ചു. "റിയല്‍ അമെരിക്കാസ് വോയ്സ് 'എന്ന മാധ്യമത്തിനു നല്കിയ അഭിമുഖത്തിലും ട്രംപ് ഇന്ത്യയുമായുള്ള കരാറിനെ കുറിച്ച് പരാമര്‍ശിച്ചു. ഇതിനോടകം നിരവധി വലിയ രാജ്യങ്ങളുമായി വ്യാപാര കരാര്‍ ആയി. അടുത്തത് ഇന്ത്യ ആയിരിക്കാമെന്നും ട്രംപ് അഭിമുഖത്തില്‍ വ്യക്തമാക്കി. അമെരിക്ക ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണ് പല രാജ്യങ്ങളും കരാറില്‍ ഏര്‍പ്പെടാന്‍ സന്നദ്ധമായതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇന്തോ~അമെരിക്കന്‍ വ്യാപാര കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യയുടെ വാണിജ്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികള്‍ അമെരിക്കയിലുണ്ട്. കാര്‍ഷിക, ഡയറി മേഖലകള്‍ സംബന്ധിച്ചുള്ള തര്‍ക്കമാണ് കരാര്‍ വൈകുന്നതിന് കാരണമെന്ന സൂചനയുമുണ്ട്. രാജ്യ താല്പര്യങ്ങള് അംഗീകരിച്ചു മാത്രമേ അമെരിക്കയുമായി കരാര്‍ ഒപ്പു വയ്ക്കുകയുള്ളു എന്ന് ഈ മാസം ആദ്യം കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യാപാര കരാറില്‍20 ശതമാനമോ അതില്‍ താഴെയോ ആയിരിക്കും തീരുവ എന്ന സൂചനകളും പുറത്തു വരുന്നുണ്ട്. അടുത്തിടെ ട്രംപ് ഇന്തോനേഷ്യയുമായി വ്യാപാര കരാര്‍ പ്രഖ്യാപിച്ചിരുന്നു.

Comments: